ഇംഫാല്‍: സൈനികര്‍ക്ക് സവിശേഷാധികാരം നല്‍കുന്ന ‘അഫ്‌സ്പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിന്റെ ‘ഉരുക്കുവനിത’ ഇറോം ചാനു ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
ആശുപത്രി ജയിലില്‍ കഴിയുന്ന ഇറോം ശര്‍മിളയെ രാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. അവിടെവെച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്.രണ്ടാഴ്ച മുമ്പാണ് 44കാരിയായ ഇറോം നിരാഹാരം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചത്.
അതേസമയം, നിരാഹാരം അവസാനിപ്പിച്ചു കഴിഞ്ഞതിനുശേഷമുള്ള സമരമുറയെക്കുറിച്ച് ഇറോമിന്റെ അനുയായികള്‍ക്ക് ആശങ്കയുണ്ട്. ജയിലില്‍നിന്നിറങ്ങിയ ശേഷം ഇറോമുമായി സംസാരിക്കുമെന്ന് അവരെ പിന്തുണക്കുന്ന വനിതാ ആക്ടിവിസ്റ്റുകളുടെ സംഘടനയായ ‘ശാര്‍മിള കുന്‍ബ ലൂപ്’ പ്രവര്‍ത്തര്‍ പറഞ്ഞു.
ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രത്യേക അധികാരം (അഫ്‌സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം 2000 നവംബര്‍ അഞ്ചിനു നിരാഹാരസമരം ആരംഭിച്ചത്.
ലോകസമര ചരിത്രത്തിലെ സമാനതകളില്ലാത്ത സഹനസമരത്തിനാണ് ഇറോം ചാനു ശര്‍മിള തിരശീലയിടുന്നത്. സമരം അവസാനിപ്പിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനേയും മണിപ്പൂര്‍ സ്വദേശിയല്ലാത്തയാളെ വിവാഹം കഴിക്കുന്നതിനേയും ഭീകരസംഘടകള്‍ എതിര്‍ക്കുന്നു.
ഗോവയില്‍ വേരുകളുള്ള ബ്രിട്ടീഷ് പൗരനെ ഇറോം വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ട്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡെസ്മണ്ട് കൗണ്ടിഞ്ഞോയുമായി പ്രണയത്തിലാണെന്ന് ശര്‍മിള നേരത്തേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.