ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണം രാജ്യസഭ ചര്‍ച്ച ചെയ്യും

rajyasabha

ദില്ലി: കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കും.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് പാര്‍ട്ടികളും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിമുതലാണ് ചര്‍ച്ച ആരംഭിക്കുന്നത്. ദലിതര്‍ നേരിടുന്ന അക്രമത്തെ കുറിച്ച് രാജ്യസഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി ഇന്നലെ എംപി സ്ഥാനം രാജിവെച്ചിരുന്നു.

മായാവതിയുടെ രാജിയിലുള്ള തീരുമാനവും സഭാചെയര്‍മാന്‍ ഹമീദ് അന്‍സാരി ഇന്ന് പ്രഖ്യാപിക്കും.

വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടിരുന്നു. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇരുസഭകളിലും ബഹളം വെക്കുകയായിരുന്നു.

ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്ന് രാവിലെ മായാവതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് മായാവതി എംപി സ്ഥാനം രാജിവെച്ചത്.

Top