ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്.
ലോക്‌സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാക്കിസ്ഥാനുമായി കൈകോര്‍ത്ത് ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന.
കശ്മീരില്‍ പാക്ക് സൈന്യവും ചൈനീസ് സൈന്യവും ഒരുമിച്ചാണ് ഇടപെടുന്നതെന്നും ചൈന വിഷയത്തില്‍ എക്കാലത്തും കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള മുലായം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയ്ക്ക് എതിരെ പ്രയോഗിക്കുന്നതിനുള്ള ആണവായുധങ്ങള്‍ പാക്കിസ്ഥാനില്‍ ചൈന ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം.
ഇന്ത്യയ്ക്ക് നാശനഷ്ടം വരുത്താന്‍ പാക്കിസ്ഥാന് കഴിയും. എന്നാല്‍, ചൈനയാണ് ഇന്ത്യയുടെ മുഖ്യശത്രു. നേപ്പാളില്‍ ചൈന കണ്ണുവയ്ക്കുന്ന സാഹചര്യത്തില്‍ ഭൂട്ടാനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കാണെന്നും മുലായം പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനെയും മുലായം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.