ലോക്ക്ഡൗണ്‍: ഭക്ഷണം കിട്ടാതെ ബിഹാറില്‍ 17 പശുക്കള്‍ ചത്തു

പട്‌ന: ബിഹാറില്‍ ലോക്ഡൗണിനെ തുടര്‍ന്ന് ആവശ്യത്തിന് ഭക്ഷണം കിട്ടാതെ പശുക്കള്‍ ചത്തു. ജെഹാനബാദിലെ ശ്രീകൃഷ്ണ ഗോശാലയിലാണ് ഭക്ഷണം കിട്ടാതെ 17 പശുക്കള്‍ ചത്തത്.

പശുവിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ ഈ പരിതാപാവസ്ഥയില്‍ പോലും അവയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഗോശാല സെക്രട്ടറി പ്രകാശ് കുമാര്‍ മിശ്ര കുറ്റപ്പെടുത്തുന്നു.

106 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണ ഗോശാല പൊതുജനങ്ങളുടെ സംഭാവന ഉള്‍പെടെയുള്ള വരുമാനം കൊണ്ടാണ് മുന്നാട്ടുപോകുന്നത്. അലഞ്ഞു തിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പശുക്കളാണ് ഇവിടെ സംരക്ഷിക്കുന്നതില്‍ അധികവും. ലോക്ഡൗണില്‍ വരുമാനം നിലച്ചതോടെ കാലിത്തീറ്റ അടക്കമുള്ളവയ്ക്ക് കടുത്ത ദൗര്‍ലഭ്യമാണ് നേരിടുന്നത്.

ഈ ഗോശാല ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സബ് ഡിവിഷനല്‍ ഓഫിസറാണ് ഇതിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍പേഴ്‌സണ്‍. അതുകൊണ്ടുതെന്ന മൃഗ സംരക്ഷണ വകുപ്പ് ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍ എന്നാല്‍ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനത്ത് ഉദ്യോഗസ്ഥരോടും രാഷ്ട്രീയക്കാരോടുമൊക്കെ നിരന്തരം അഭ്യര്‍ത്ഥനകള്‍ നടത്തിയെങ്കിലും അവര്‍ ഗൗനിച്ചില്ലെന്ന് പ്രകാശ് കുമാര്‍ മിശ്ര പറഞ്ഞു.

അതേസമയം, ഗോശാലയില്‍ പട്ടിണി കിടന്ന് പശുക്കളൊന്നും ചത്തിട്ടില്ലെന്നാണ് സബ് ഡിവിഷനല്‍ ഓഫിസര്‍ നിവേദിത കുമാരിയുടെ വാദം. പശുക്കള്‍ ചത്തത് പ്രായാധിക്യവും രോഗവും കാരണമാകാമെന്ന് അവര്‍ പറയുന്നു.

Top