മഹാരാഷ്ട്രയിലെ 17 ജില്ലകള്‍ ജലക്ഷാമ ഭീഷണിയില്‍;കരിമ്പ് കര്‍ഷകര്‍ക്ക് തിരിച്ചടി

വിദര്‍ഭ: മഹാരാഷ്ട്രയിലെ 17 ജില്ലകള്‍ കുടിവെള്ള പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മഴ ലഭിക്കാത്തതും കരിമ്പ് കര്‍ഷകര്‍ കൂടുതല്‍ വെള്ളം കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നതുമാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

മരത്വാഡ ഭാഗങ്ങളില്‍ ഇത്തവണ ശരാശരി മഴയാണ് ലഭിച്ചത്. ഇവിടങ്ങളിലെ ജലസംഭരണം 28.81 ശതമാനമാണ്. ജലവിഭവ വകുപ്പാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മരത്വാഡയുടെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ ജയക്വാദി ഡാമില്‍ ഇത്തവണ 45.88 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 87.63 ശതമാനമായിരുന്നു. ഒക്ടോബര്‍ 15ന് ശേഷം പ്രദേശത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമുണ്ടാകും.

കരിമ്പ് കര്‍ഷകരുടെ അധിക ജലവിനിയോഗമാണ് വെള്ളക്ഷാമത്തിന് പ്രധാന കാരണമെന്നാണ് അധികൃതരുടെ ആരോപണം. മഞ്ചാര ഡാമില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിലും കുറവ് വെള്ളമാണ് ഇത്തവണ ഉള്ളത്. 88.04 ശതമാനം വെള്ളമുണ്ടായിരുന്ന ഡാമില്‍ ഇത്തവണയുള്ളത് 1.80 ശതമാനം വെള്ളം മാത്രമാണ്. മജല്‍ഗോവാന്‍ ഡാമില്‍ കഴിഞ്ഞ വര്‍ഷം 60.48 ശതമാനമുണ്ടായിരുന്ന വെള്ളം ഇത്തവണ വളരെയധികം കുറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമരാവതി ഡാമിലും നാഗ്പൂര്‍ ഡാമിലും ഇത്തവണ 50 ശതമാനത്തോളം വെള്ളം മാത്രമാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന സര്‍ക്കാര്‍ പാകിസ്ഥാനില്‍ നിന്ന് കരിമ്പ് ഇറക്കുമതി ചെയ്തതും കുടിശ്ശിക നല്‍കാത്തതും ഈ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കര്‍ഷകര്‍ക്ക് നേരിട്ട് വില ലഭിക്കാത്തതും ചെടികളുടെ ആരോഗ്യ പ്രശ്‌നങ്ങളും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ ജലക്ഷാമവും വന്നിരിക്കുന്നത്. കടുത്ത നടപടികള്‍ കര്‍ഷകര്‍ക്ക് മുകളില്‍ വന്നാല്‍ അത്‌ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

Top