പാലക്കാട്: വിദ്യാർഥിനിയെയും ആൺസുഹൃത്തിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെട്ടിക്കളം സ്വദേശിയായ ആൺകുട്ടിയെയും അപ്പുപ്പിള്ളയൂർ സ്വദേശിയായ പെൺകുട്ടിയെയുമാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
17 വയസ്സാണ് ഇരുവരുടെയും പ്രായം. എലപ്പുള്ളി ചെട്ടിക്കളത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരെയും നാട്ടുകാർ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇത് വീട്ടിലറിഞ്ഞതിന്റെ വിഷമത്തിൽ ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻറെ നിഗമനം.