മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ പതിനേഴ്കാരിയെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അതിജീവത. പ്രായപൂര്‍ത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റര്‍ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തല്‍.
കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നത്. താന്‍ ‘പരമഗുരു’ ആണ്. മനസ്സും ശരീരവും തനിക്ക് സമര്‍പ്പിക്കണം. അല്ലാത്തവര്‍ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിയില്‍ നിന്നുള്ള ഭീഷണി കാരണമാണ് താന്‍ മൊഴി മാറ്റി പറഞ്ഞത് എന്നും അതിജീവിത പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ സിദ്ധിഖ് അലി പോക്‌സോ കേസില്‍ അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടര്‍ന്ന് കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.