കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരി ചാടിമരിച്ച സംഭവം; ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം

ആലപ്പുഴ: കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരിയായ പെണ്‍കുട്ടി ചാടിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ വിജയന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്. കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയന്‍ പരാതിയില്‍ ആരോപിക്കുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാന്‍ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു വിഷ്ണുപ്രിയ. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മാതാപിതാക്കളെ ഒത്തിരി സ്‌നേഹിക്കുന്നതായി പെണ്‍കുട്ടി എഴുതിയിരുന്നു.

Top