നാസയെ ഞെട്ടിച്ചിരിക്കുകയാണ് ഇന്റേണ്‍ഷിപ്പിനു വന്ന 17-കാരന്‍. വൂള്‍ഫ് കുക്കിയര്‍ എന്ന 17-കാരന്റെ കണ്ടെത്തലിലാണ് നാസ ഞെട്ടിയിരിക്കുന്നത്. ഇന്റേണ്‍ഷിപ്പിനു ചേര്‍ന്ന് മൂന്നാംനാള്‍ സ്വന്തമായൊരു ഗ്രഹമാണ് ഈ പയ്യന്‍ കണ്ടുപിടിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ സ്‌കാര്‍സ്ഡേലില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ വൂള്‍ഫ് രണ്ടുമാസത്തെ അവധിക്കാല ഇന്റേണ്‍ഷിപ്പിനായാണ് നാസയുടെ ഗൊദര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെത്തിയത്. ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റ്‌ലൈറ്റ് എന്ന ഉപഗ്രഹം (ടെസ്സ്) നല്‍കുന്ന വിവരങ്ങള്‍ നിരീക്ഷിക്കുകയെന്നതായിരുന്നു ജോലി.
മൂന്നാംദിവസം ഉപഗ്രഹം നിരീക്ഷിച്ച വൂള്‍ഫ് രണ്ടു നക്ഷത്രങ്ങളുടെ പ്രകാശം ഏതോ ഒരുവസ്തു മറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത് മുതിര്‍ന്ന ശാസ്ത്രജ്ഞരെ അറിയിക്കുകയും പന്നീട് പുതിയൊരു ഗ്രഹം വെളിപ്പെടുകയുമായിരുന്നു. 1338 എന്നുപേരിട്ട ഗ്രഹത്തിനു ഭൂമിയെക്കാള്‍ 6.9 മടങ്ങ് വലുപ്പമുണ്ട്. സ്വന്തമായൊരു ഗ്രഹം കണ്ടെത്തിയതോടെ പഠനശേഷം നാസയില്‍ ശാസ്ത്രജ്ഞനായിച്ചേരണമെന്ന ആഗ്രഹത്തിലാണ് വൂള്‍ഫ്.