അഞ്ചു സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ സുപ്രധാന ഘട്ടത്തില്‍ ഞെട്ടിക്കുന്ന ഒരു കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നിരിക്കുന്നത് 170 എം.എല്‍.എ.മാരാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ 2016 മുതല്‍ 2020 വരെയുള്ള കണക്കുകളാണിത്. പോണ്ടിച്ചേരിയില്‍ നിന്നടക്കം കൂറുമാറിയ കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണിത്.
2016 മുതല്‍ 2020 വരെ ആകെ 405 എം.എല്‍.എ.മാരാണ് വിവിധ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ചിരിക്കുന്നത്. ഇതില്‍ 182 പേരും ബി.ജെ.പി.യിലാണ് ചേര്‍ന്നിരിക്കുന്നത്. 38 പേര്‍ കോണ്‍ഗ്രസിലും 25 പേര്‍ തെലങ്കാന രാഷ്ട്രസമിതിയിലും ചേര്‍ന്നതായും എ.ഡി.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് അഞ്ച് എം.പി.മാരും ബി.ജെ.പി. വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച രാജ്യസഭാംഗങ്ങളുടെ എണ്ണം ഏഴാണ്. മധ്യപ്രദേശ്, മണിപ്പുര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലുണ്ടായ എം.എല്‍.എ.മാരുടെ കൂറുമാറ്റം വലിയ ഭരണ പ്രതിസന്ധിയാണ് ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയിരുന്നത്.
ഏറ്റവും ഒടുവില്‍ പുതുച്ചേരി സര്‍ക്കാര്‍ വീണതും ‘ഖദര്‍’ കാവിയണിഞ്ഞപ്പോഴാണ്. ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ നാശം ആരും തന്നെ ആഗ്രഹിക്കുകയില്ല. എന്നാല്‍ രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ആ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സ്വന്തം മുന്നണിയിലെ കക്ഷികളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് പോലും നിലവില്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ല. ഇതുമൂലം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കുറവ് സീറ്റില്‍ മത്സരിക്കേണ്ട ഗതികേടിലാണ് ആ പാര്‍ട്ടി. വിജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറുമാറുമെന്ന ഭയമാണ് കടുത്ത നിലപാടിലേക്ക് പോകാന്‍ ഡി.എം.കെയെയും പ്രേരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലും വിജയിച്ചു വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ കാത്താണ് കാവിപ്പട പ്രധാനമായും വെയ്റ്റ് ചെയ്യുന്നത്. ജനാധിപത്യത്തിന് എതിരായ സമീപനമാണിത്. ജനങ്ങളുടെ വോട്ടിനു വിജയിക്കുക എന്നതിനേക്കാള്‍ വിജയിച്ചവരെ അടര്‍ത്തിമാറ്റി നേട്ടം കൊയ്യുക എന്നതാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന തന്ത്രം. കാവി രാഷ്ട്രീയത്തിനു വളക്കുറില്ലാത്ത മണ്ണില്‍ പോലും ഇത്തരമൊരു പരീക്ഷണത്തിനാണ് ബി.ജെ.പി മുതിരുന്നത്. പുതുച്ചേരിയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കാവി പാളയത്തിലെത്തിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചത് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ച കാര്യമാണ്. ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാടും കേരളവുമാണ്.
തമിഴകത്ത് അണ്ണാ ഡി.എം.കെയുടെ ചിറകിലേറി വളരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇവിടെ ത്രിശങ്കുസഭയായാല്‍ ബി.ജെ.പി നിലപാടും നിര്‍ണ്ണായകമാവും. ബി.ജെ.പി – അണ്ണാ ഡി.എം.കെ നീക്കം മുന്നില്‍ കണ്ട് ഫല പ്രഖ്യാപനത്തിനു മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കാനാണ് ഡി.എം.കെ – കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആലോചിക്കുന്നത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. കുറുമാറ്റത്തെ യഥാര്‍ത്ഥത്തില്‍ ഭയപ്പെടാത്തത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മാത്രമാണ്. ‘തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാലും വീട്ടില്‍ തന്നെയാണുണ്ടാവുക” എന്നാണ് സി.പി.എം – സി.പി.ഐ നേതൃത്വങ്ങളുടെ പ്രതികരണം.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ ‘ചാക്കിട്ടു പിടുത്തം’ ഭയന്ന് ശിവസേന, കോണ്‍ഗ്രസ്സ്, എന്‍.സി.പി നേതൃത്വങ്ങള്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയപ്പോള്‍ സ്വന്തം കുടിലില്‍ കിടന്നുറങ്ങി വ്യത്യസ്തനായതും സി.പി.എം എം.എല്‍.എയായ വിനോദ് നിക്കോളയായിരുന്നു. ‘ഒറ്റയാനാണെങ്കിലും ഒറ്റ നിലപാടേ ഈ കമ്യൂണിസ്റ്റിന് അന്നും ഇന്നുമുള്ളൂ. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ സ്വന്തം ജനപ്രതിനിധികളുടെ കാര്യത്തില്‍ സി.പി.എമ്മിനെ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ് ഇക്കാര്യത്തില്‍ വലിയ ആശങ്കയുള്ളത്. അത് തമിഴകത്തും പുതുച്ചേരിയിലും മാത്രമല്ല ഇപ്പോള്‍ പശ്ചിമ ബംഗാളിലും പ്രകടമാണ്.
ശക്തമായ ത്രികോണ മത്സരമാണ് ബംഗാളില്‍ ഇത്തവണ നടക്കുന്നത്. കേരളത്തിലാകട്ടെ 10 സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി സംസ്ഥാനത്ത് തങ്ങിയാണ് ബി.ജെ.പി പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്. 40 സീറ്റുകള്‍ കിട്ടിയാലും കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. അതായത് ഇവിടെയും പിളര്‍പ്പിന്റെ രാഷ്ട്രീയം പയറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വ്യക്തം. കേരളത്തിലും സംഘപരിവാറിന്റെ ലക്ഷ്യം കോണ്‍ഗ്രസ്സാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുന്‍പ് തന്നെ കോണ്‍ഗ്രസ്സ് ദേശീയ നേതാവായ പി.സി ചാക്കോ പാര്‍ട്ടി വിട്ടു കഴിഞ്ഞു. ചാക്കോയെ ന്യായീകരിച്ച് മുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനും രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചവരാകട്ടെ അത് കിട്ടില്ലന്ന് ഉറപ്പായതോടെ കലാപക്കൊടി ഉയര്‍ത്തി തെരുവിലിറങ്ങിയിരിക്കുകയുമാണ്. സ്വന്തം ശക്തി കൊണ്ട് വിജയിക്കാന്‍ കഴിയില്ലെങ്കിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍ തഴയപ്പെട്ട നേതാക്കള്‍ക്കു കഴിയും. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടവുമാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതും പാളയത്തിലെ ഈ പട തന്നെയാണ്.