ലോകകപ്പിന് കളിക്കാരെ വിട്ടുനൽകിയതിന് ക്ലബ്ബുകൾക്ക് ഫിഫയുടെ 1700 കോടി രൂപ

സൂറിക് : 2022 ഫുട്ബോൾ ലോകകപ്പിൽ രാജ്യങ്ങൾക്കു വേണ്ടി മത്സരിക്കാൻ കളിക്കാരെ വിട്ടുനൽകിയതിന് ക്ലബ്ബുകൾക്കു നൽകുന്ന തുക വർധിപ്പിച്ച് ഫിഫ. 51 രാജ്യങ്ങളിൽ നിന്നുള്ള 440 ക്ലബ്ബുകൾക്കായി ആകെ 20.9 കോടി യുഎസ് ഡോളറാണ് (ഏകദേശം 1700 കോടി രൂപ) ഫിഫ നൽകുന്നത്. ഓരോ കളിക്കാരനും പ്രതിദിനം 10950 യുഎസ് ഡോളർ വീതമാണ് (ഏകദേശം 9 ലക്ഷം) നിശ്ചയിച്ചിരിക്കുന്നത്. 2018 ലോകകപ്പിൽ ഇത് 8530 യുഎസ് ഡോളർ ആയിരുന്നു. ആകെ 837 കളിക്കാരാണ് ഖത്തർ ലോകകപ്പിൽ 32 ടീമുകളിലായി ഉണ്ടായിരുന്നത്. കരാറിലുള്ള കളിക്കാരെ വിട്ടുനൽകുന്നതിനുള്ള നഷ്ടപരിഹാരമായാണ് ഫിഫ ക്ലബ്ബുകൾക്കു തുക നൽകുന്നത്.

കൂടുതൽ തുക ലഭിക്കുന്ന ക്ലബ്ബുകൾ

(ക്ലബ്, കളിക്കാരുടെ എണ്ണം, തുക കോടി രൂപയിൽ)

1) മാഞ്ചസ്റ്റർ സിറ്റി 16 37.72

2) ബാർസിലോന 17 37.25

3) ബയൺ മ്യൂണിക് 16 35.55

4) റയൽ മഡ്രിഡ് 13 31.92

5) പിഎസ്ജി 11 31.80

* കളിക്കാരുടെ എണ്ണം ബാർസിലോനയെക്കാൾ കുറവാണെങ്കിലും കളിക്കാരുടെ രാജ്യങ്ങൾ ലോകകപ്പിൽ കൂടുതൽ മുന്നോട്ടു പോയതിനാലാണ് സിറ്റിക്ക് കൂടുതൽ തുക ലഭിക്കുന്നത്.

Top