ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ പാക്കിസ്ഥാനികള്‍ മടങ്ങുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തേക്ക് തിരികെ പോകാന്‍ സാധിക്കാതെ കുടുങ്ങികിടന്ന 176 പേരാണ് മടങ്ങുന്നത്. നാളെ ഇവരെ വാഗ അതിര്‍ത്തി വഴി തിരിച്ചയക്കാനാണ് തീരുമാനമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ഇവര്‍ക്ക് യാത്രക്കുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭ്യമായിരുന്നു.
അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് അണുബാധയുണ്ടായെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.
നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചത് രോഗവ്യാപനത്തിന് കാരണമായേക്കുമോയെന്ന ആശങ്കകള്‍ വര്‍ധിപ്പിച്ച് ആദ്യ യാത്രക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന നൂറോളം പേരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. വിമാന ജീവനക്കാര്‍ക്കും ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.