ന്യൂഡല്‍ഹി:പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. അടുത്തമാസം 26 വരെയാണ് പാര്‍ലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ഇന്നും നാളെയും നടക്കുക. ഈ സമ്മേളനത്തില്‍ തന്നെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേക്കും. 11 മണിക്കാണ് സഭാനടപടികള്‍ തുടങ്ങുക.
ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ശേഷം ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.
543 അംഗങ്ങളില്‍ 267 പേര് ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയില്‍ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതല്‍ വനിത അംഗങ്ങള്‍ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയില്‍ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.