അഗര്‍ത്തല: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളുടെ ഭയം വിട്ടകലും മുമ്പെ വീണ്ടും വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നത് സമാന സംഭവങ്ങള്‍ തന്നെ. ദിവസങ്ങള്‍ക്ക് മുമ്പാണ് തെലുങ്കാനയില്‍ യുവ ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നത്. അതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 23 കാരിയെയും ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി. ഉന്നാവോ പെണ്‍കുട്ടിയുടെ ജീവനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോഴാണ് അവളും വെള്ളിയാഴ്ച രാത്രി ഈ ലോകം വെടിഞ്ഞത്. കത്തികരിഞ്ഞ അവളുടെ സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിന് മുമ്പേയാണ് വീണ്ടും ഒരു ക്രൂര കൃത്യത്തിന് കൂടി രാജ്യം സാക്ഷിയായിരിക്കുന്നത്.
ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം നടന്നത്. 17കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്നാണ് തീയിട്ടത്. നിലവിളി കേട്ട് ഓടികൂടിയ സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
അജോയിയുമായി ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാളോടൊപ്പം പോയി. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ആ ദിവസങ്ങളത്രയും അയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 17,000 രൂപ നല്‍കാനേ പെണ്‍കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞുള്ളൂ. ഇതേ തുടര്‍ന്ന് അജോയ് കുപിതനായിരുന്നു. തുടര്‍ന്ന്‌പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.
അതേസമയം പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന്അജോയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.