ബര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് തീപിടിച്ച് 18 പേര്‍ മരിച്ചു.
ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസ് തീപിടിച്ച് കത്തുകയായിരുന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എ9 ഹൈവേയില്‍ വടക്കന്‍ ബവാരിയക്കു സമീപം സ്റ്റാംബാച്ചിലായിരുന്നു സംഭവം. അപകടത്തില്‍ മുപ്പതോളം പേര്‍ പരിക്കുകളോടെ രക്ഷപെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്.
സാക്‌സോണിയില്‍നിന്നുള്ള റിട്ട. ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടമുണ്ടായതിനു കാരണമെന്താണെന്ന് വ്യക്തമല്ല. അപകടത്തില്‍പെട്ട ലോറിയും കത്തിച്ചാമ്പലായി. ലോറിയില്‍ കിടക്കകളും തലയിണകളുമായിരുന്നു ഉണ്ടായിരുന്നത്. ലോറി ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപെട്ടു. ബസ് തന്റെ വാഹനത്തെ ഇടിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ബസില്‍ 46 യാത്രക്കാരും രണ്ടു ഡ്രൈവര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഡ്രൈവര്‍ മരണപ്പെട്ടു. യാത്രക്കാര്‍ 41 നും 81 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഇറ്റലിയിലെ ലേക് ഗാര്‍ദയിലേക്ക് അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു ഇവര്‍.