പട്ന: ബിഹാറിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നഷ്ടം. സംസ്ഥാനത്ത് ഇടിമിന്നലേറ്റ് 18 പേര്‍ കൂടി മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും പേര്‍ ശനിയാഴ്ച മരിച്ചത്. ഭോജ്പുര്‍, സരണ്‍ ജില്ലകളില്‍ നാല് പേര്‍ വീതം മരിച്ചു. കൈമൂര്‍, പട്ന, ബക്സര്‍ ജില്ലകളിലായി 10 പേരും മരിച്ചു.
കഴിഞ്ഞ ദിവസവും എട്ട് പേര്‍ മിന്നലേറ്റ് മരിച്ചിരുന്നു. കാലാവസ്ഥ അറിയിപ്പുകള്‍ കണക്കിലെടുത്ത് ആളുകളോട് അകത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ബിഹാറില്‍ മിന്നലേറ്റ് 100ലേറെ പേര്‍ മരിച്ചു.
കിഴക്കന്‍ യുപിയിലെയും ബിഹാറിലെയുംഉയര്‍ന്ന താപനിലയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ആര്‍ദ്രതയേറിയ കാറ്റുമാണ് കാലാവസ്ഥ അസന്തുലിതാവസ്ഥക്കും വലിയ മിന്നലിനും കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുപിയിലും ബിഹാറിലുമായി മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 150 കടന്നു.