ദണ്ഡേവാഡ: 18 നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി. ചത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയിലാണ് സംഭവം. മാവോവാദികളുടെ സാംസ്‌കാരിക സംഘടനയായ ചേതന മണ്ഡ്‌ലിയുടെയും (സി.എന്‍എം) മാവോയിസ്റ്റ് വിഭാഗമായ ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മജ്ദൂര്‍ സംഘതന്‍ (ഡി.എ.കെ.എം.എസ്) മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുമാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ദണ്ഡേവാഡ ജില്ല കലക്ടര്‍ ദീപക് സോണി, പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ്, സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.എന്‍. ലാല്‍ എന്നിവര്‍ക്ക് മുമ്പിലാണ് ഇവര്‍ കീഴടങ്ങിയത്. ‘വീട്ടിലേക്ക് മടങ്ങല്‍’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണിത്. സി.എന്‍.എം, ഡി.എ.കെ.എം.എസ് മേധാവികളെ പിടിച്ചു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കീഴടങ്ങിയവര്‍ക്ക് ജോലി നേടാന്‍ സഹായിക്കുമെന്നും അവര്‍ക്ക് ടൈലറിങ്, തേപ്പുപണി, ഡ്രൈവിങ് എന്നിവയില്‍ പരിശീലനം നല്‍കുമെന്നും സി.ആര്‍.പി.എഫ് ഡി.ഐ.ജി വ്യക്തമാക്കി.
റെയില്‍വെ ട്രാക്കുകളും സ്‌കൂള്‍ കെട്ടിടവും തകര്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തില്‍ കീഴടങ്ങിയ നക്‌സലുകള്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അവര്‍ തകര്‍ത്ത സ്‌കൂളുകള്‍ അവരോട് തന്നെ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ല കലക്ടര്‍ ദീപക് സോണി പറഞ്ഞു.
അതേസമയം, എട്ട് ലക്ഷം രൂപ തലക്ക് വിലയിട്ട മുതിര്‍ന്ന മാവോവാദി കമാന്‍ഡര്‍ 38ാമത് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ അറസ്റ്റിലായി. ചത്തീസ്ഗഢിലെ രജന്ദ്‌ഗോണില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ജൂണ്‍ 30ന് രാത്രി സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ മറ്റൊരു നക്‌സല്‍ കമാന്‍ഡറെ ബുധനാഴ്ച രാവിലെ വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലിനിടെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് എ.കെ. 47 തോക്ക്, കൈത്തോക്ക്, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ കണ്ടെടുത്തു. മൂന്ന് സംസ്ഥാനങ്ങളുടെ ‘വാണ്‍ഡഡ്’ പട്ടികയിലുള്ള ഇയാളുടെ തലക്ക് 29 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.