ന്യൂഡല്‍ഹി: സജ്ഞയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സ്കൂള്‍ ബസ് ആക്രമിച്ച സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഗുരുഗ്രാമിലെ കോടതിയില്‍ ഹാജരാക്കി.
പത്മാവദിന്റെ പ്രദര്‍ശനത്തിനെതിരെ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ നടന്ന പ്രതിഷേധത്തിലാണ് സ്കൂള്‍ ബസിന് നേരെ ആക്രമണമുണ്ടായത്. ജി.ഡി ഗോയങ്ക വേള്‍ഡ് സ്കൂളിലെ നഴ്സറി തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് പത്മാവദ് വിരുദ്ധസംഘം ആക്രമിച്ചത്. അക്രമത്തില്‍ ഭയന്ന് വിറച്ച് കുട്ടികള്‍ നിലവിളിക്കുന്ന രംഗങ്ങളടങ്ങിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ സീറ്റുകള്‍ക്ക് അടിയില്‍ ഒളിക്കുന്നതും അധ്യാപികമാര്‍ കുട്ടികള്‍ക്ക് കവചം തീര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.