പത്തനംത്തിട്ട : ശബരിമലയില്‍ പുതുവത്സരത്തോടനുബന്ധിച്ച് നാല് ഭക്തര്‍ ചേര്‍ന്ന് വഴിപാടായി 18018 നെയ്‌തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരണ്‍ഭട്ട്, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന്. നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. രാവിലെ 3.30 മുതല്‍ ഏഴുവരേയും രാവിലെ എട്ടു മുതല്‍ 11.30 വരേയുമാണ് നെയ്യഭിഷേകം. രാവിലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമം നടന്നു.
20000 നെയ്‌തേങ്ങയാണ് വിഷ്ണു ശരണ്‍ ഭട്ടും സുഹൃത്തുക്കളും അഭിഷേകത്തിനായി ഒരുക്കിയത്. 2021 ജനുവരി ഒന്നിനും ഇവര്‍ 18018 നെയ്‌തേങ്ങ നെയ്യഭിഷേകം നടത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുതല്‍ക്കൂട്ടായി തുക നല്‍കി. പമ്പഗണപതി കോവിലില്‍ വച്ച് നെയതേങ്ങ നിറച്ച് ട്രാക്ടറില്‍ സന്നിധാനത്ത് എത്തിക്കുകയായിരുന്നു. സന്നിധാനത്ത് വെച്ച് നെയ്‌ത്തേങ്ങ പൊട്ടിച്ച് പ്രത്യേകം പാത്രങ്ങളിലാക്കിയാണ് അഭിഷേകം ചെയ്തത്. ഇതിനു പുറമേ പുതുവത്സരത്തില്‍ ഭക്തര്‍ക്ക് അന്നദാനമായി സദ്യയൊരുക്കി. ദേവസ്വം ബോര്‍ഡിന് മുതല്‍ കൂട്ട് നല്‍കിയാണിതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സന്നിധാനത്ത് രാവിലെ 51 പേരുടെ മേളവും നടത്തിയിരുന്നു.
സന്നിധാനത്ത് ഗുരുവായൂര്‍ ജയപ്രകാശ്, ഇളമ്പള്ളി വാദ്യകലാസമിതി ബിജു, ബൈജു എന്നിവര്‍ നയിച 51 പേരുടെ ചെണ്ടമേളം അരങ്ങേറി. ബാംഗ്ലൂരില്‍ നിന്നുള്ള വിഷ്ണുശരണ്‍ഭട്ട്, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു എന്നിവരുടെ അര്‍ച്ചനയായാണ് മേളം നടത്തിയത്. പുതുവര്‍ഷ പുലരിയില്‍ ശബരിമലയില്‍ വന്‍ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി 11 ന് നട അടക്കുമ്പോള്‍ ദര്‍ശനം ലഭിക്കാത്ത ഭക്തര്‍ അതിരാവിലെ മുതല്‍ സന്നിധാനത്ത് കാത്ത് നിന്ന് പുതുവര്‍ഷ പുലരിയില്‍ ദര്‍ശനം നടത്തി.