ഇന്ത്യയുടെ സ്വപ്ന ചിറകുകള്‍ പറക്കാനൊരുങ്ങുന്നു ; 19 സീറ്റ് തദ്ദേശീയ യാത്രാവിമാനം

flight

മുംബൈ: തദ്ദേശീയമായി യാത്രാവിമാനം നിര്‍മ്മിക്കുക എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി ഇന്ത്യ ഒരുങ്ങുന്നു.

തദ്ദേശീയമായി നിര്‍മ്മിച്ച 19 സീറ്റുള്ള യാത്രാവിമാനം അധികം വൈകാതെ പറന്നുയരും.

സ്വകാര്യ എയര്‍ലൈനില്‍ പൈലറ്റായ അമോല്‍ യാദവ് നേതൃത്വം നല്‍കുന്ന എന്‍ജിനീയര്‍മാരുടെ സംഘമാണ് ഈ സംരംഭത്തിന്റെ പിന്നില്‍.

ടിഎസി-005 എന്ന് പേരിട്ടിരിക്കുന്ന വിമാനം അടുത്ത നാല് മാസത്തിനുള്ളില്‍ പറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ പ്രാദേശിക കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് 19 സീറ്റുള്ള വിമാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് യാദവ് പറയുന്നത്.

ഇന്ത്യയില്‍ നിരവധി സ്വകാര്യ വിമാനങ്ങള്‍ ഉണ്ടെങ്കിലും പ്രാദേശിക കണക്ടിവിറ്റിയില്‍ രാജ്യം വളരെ പിന്നിലാണ്, ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളിലെ ഏറ്റവും ചെറിയ വിമാനം 70 സീറ്റുള്ളതാണെന്നും, ചെറിയ നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ സേവനം നടത്താന്‍ അവര്‍ക്ക് സാധിക്കില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി.

കുറച്ചു യാത്രികര്‍ക്കു മാത്രമായി ചെറിയ വിമാനത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് 19 സീറ്റുള്ള യാദവിന്റെ വിമാനം സഹായകമാകും.

നാഷണല്‍ എയ്‌റോസ്‌പേസ് ലാബോറട്ടറീസിന്റെ (എന്‍എഎല്‍) നേതൃത്വത്തില്‍ സരസ് എന്ന പേരില്‍ 14 സീറ്റുള്ള വിമാനം വികസിപ്പിക്കുന്നതിന് നേരത്തേ ശ്രമങ്ങള്‍ നടത്തിയിരുന്നു. 2009-ല്‍ നടത്തിയ പരീക്ഷണത്തില്‍ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചു.

എന്നാല്‍ സരസ് വിമാന പദ്ധതി എന്‍എഎല്‍ പുനരുജ്ജീവിപ്പിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

Top