കേരളത്തില്‍ സംരംഭകത്വത്തിന്റെ പുതുനാമ്പുകള്‍ വിരിയിക്കാന്‍ ആഗോള സംഘടനയായ ടൈയുടെ(ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ് TiE) കേരള ഘടകം സംഘടിപ്പിക്കുന്ന ടൈകോണ്‍ 2017 നവംബര്‍ 10, 11 തിയതികളില്‍ കൊച്ചിയില്‍ നടക്കും.
ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന രണ്ടു ദിവസത്തെ ക്യാമ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 ലേറെ പ്രഭാഷകരെത്തും.
Kerala The Etnrepreneurial Destination എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ തീം.
സ്റ്റാര്‍ട്ടപ്പ് സംരംഭത്തെ എങ്ങനെ സ്വന്തം കാലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു സംരംഭമാക്കി മാറ്റാം, വളര്‍ച്ചാ വഴിയിലെ വെല്ലുവിളികളും വെല്ലുവിളികള്‍ക്കിടയിലെ വളര്‍ച്ചാ സാധ്യതകളും, എങ്ങനെ ഒരു മെന്ററും കോച്ചുമായി മാറാം, എങ്ങനെ ഒരു ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററാകാം, യുവ സംരംഭകരുടെ ഉള്ളിലെ ചോദ്യങ്ങളും പ്രശ്‌നങ്ങളും എന്നിങ്ങനെ അഞ്ച് പ്രധാന സെഷനുകളാണ് കണ്‍വെന്‍ഷനിലുണ്ടാവുക.
രാജ്യത്തെമ്പാടും നിന്നായി ആയിരത്തോളം പ്രതിനിധികളാകും കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനെത്തുക.ടൈകോണ്‍ കേരളയുടെ ആറാമത് എഡിഷനാണ് ഒരുക്കുന്നത്.
ആസാദ് മൂപ്പന്‍, ആര്‍എന്‍ടി കാപ്പിറ്റല്‍ അഡൈ്വ സേഴ്‌സ് എല്‍എല്‍പി സിഒഒ ആന്‍ഡ് സിഎഫ്ഒ ആര്‍. നടരാജന്‍, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്ററും ന്യൂറോളജി സ്‌പെഷലിസ്റ്റുമായ ഡോ. ഷബീര്‍ നെല്ലിക്കോട്, പെപ്പര്‍ഫ്രൈ.കോം സ്ഥാപകനും സിഇഒയുമായ അംബരീഷ് മൂര്‍ത്തി, എമിര്‍കോം അബുദാബിയുടെ സിഎഫ്ഒ അജയ്യ കുമാര്‍, ജെയ്പൂര്‍ സര്‍പഞ്ചിന്റെ ഛവി രജാവത്, തൈറോകെയര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎംഡിയും പ്രൊമോട്ടറുമായ ഡോ. എ വേലുമണി തുടങ്ങിയവരാണ് പ്രഭാഷകരിലെ പ്രമുഖര്‍.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ടൂറിസം, ലൈഫ് സയന്‍സ്, പരാജയങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍, കാര്‍ഷിക രംഗത്തെ പുതിയ ആശയങ്ങള്‍, ഇന്നവേഷന്‍ ആന്‍ഡ് ഡിസ്‌റപ്ഷന്‍, ഒരാശയത്തില്‍ നിന്ന് സംരംഭം പടുത്തുയര്‍ത്തി അതില്‍ നിന്ന് ഏറ്റവും അനുയോജ്യമായ അവസരത്തില്‍ പിന്‍വാങ്ങുന്നതെങ്ങനെയെന്ന് വിശദമാക്കുന്ന കഥകള്‍ തുടങ്ങി പുതിയ കാലഘട്ടത്തില്‍ സംരംഭകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ടൈകോണ്‍ കേരള 2017 വ്യത്യസ്ത ട്രാക്കുകളിലൂടെ അവതരിപ്പിക്കുന്നത്.