194 mla’s are support akileesh yadav in utharpradesh

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ച് ഭൂരിഭാഗം എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ 194 എംഎല്‍എമാര്‍ പങ്കെടുത്തു. ഇവര്‍ അഖിലേഷിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ആകെ 229 എംഎല്‍എമാരാണുള്ളത്.

ഇതോടെ, അഖിലേഷ് യാദവിന്റെ അടുത്ത നടപടി എന്തെന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

അഖിലേഷ് യാദവിന്റെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ശിവപാല്‍ യാദവിന്റെ എതിര്‍പ്പ് അവഗണിച്ച് 194 എംഎല്‍എമാര്‍ ക്യാംപിന് എത്തിയത് അഖിലേഷിന്‌
ആവേശം പകരുന്നു.

അഖിലേഷിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിങ് യാദവും ഇന്നു പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

മുലായം സിങ് യാദവ് വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തിവരികയാണ്. പാര്‍ട്ടി വിട്ടുപോവുകയാണെങ്കില്‍ അഖിലേഷ് തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെയും കൊടിയുടെയും അവകാശവാദം ഉന്നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവിനെയും സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് അറിയിച്ചത്. ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്.

Top