ന്യൂഡല്‍ഹി: രാജ്യത്തെ 194 രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിരിക്കുന്ന പാന്‍കാര്‍ഡ് രേഖകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. വരുമാനത്തെക്കുറിച്ച് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജരേഖകള്‍ സമര്‍പ്പിച്ചതെന്ന് ദേശീയ വെബ്‌സൈറ്റുകള്‍ പറയുന്നു. 23 സംസ്ഥാനങ്ങളില്‍ നിന്നായി വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 2,000 സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 194 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2006നും 2016 നും ഇടയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
72 കോണ്‍ഗ്രസ് നേതാക്കളും 41 ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പ്പെടെ ചെറുതും വലുതുമായ പാര്‍ട്ടികള്‍ വ്യാജ പാന്‍ കാര്‍ഡ് രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആറ് മുന്‍ മുഖ്യമന്ത്രിമാര്‍, പത്ത് സിറ്റിംഗ് മന്ത്രിമാര്‍, 8 മുന്‍ മന്ത്രിമാര്‍, 54 സിറ്റിംഗ് എംഎല്‍എമാര്‍, 102 മുന്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ വ്യാജരേഖ സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.
മുന്‍ അസ്സാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ഭുമിധാര്‍ ബര്‍മാന്‍, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി, വീര്‍ഭദ്ര സിംഗ്, പ്രേംകുമാര്‍ ധുമാല്‍ തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖര്‍. രാജസ്ഥാന്‍ മന്ത്രി ബിനാ കാക്, ബീഹാര്‍ മന്ത്രി നന്ദ് കിഷോര്‍ യാദവ്, മഹാരാഷ്ട്രയിലെ മന്ത്രി ദേശ്മുഖ് വിജയകുമാര്‍, ഹരിയാന മന്ത്രി കവിത ജെയ്ന്‍, ഹിമാചല്‍പ്രദേശ് മന്ത്രി കിഷന്‍ കപൂര്‍ തുടങ്ങിയവരെല്ലാം വ്യാജ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വ്യാജ പാന്‍കാര്‍ഡുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 26 എണ്ണം. മധ്യപ്രദേശ് (17), ബീഹാര്‍ (15), ഉത്തരാഖണ്ഡ് (14), അസ്സാം(13), ഹിമാചല്‍പ്രദേശ് (12), രാജസ്ഥാന്‍ (11) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.
എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവ കൃത്യമായി നിരീക്ഷിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ചില പ്രമുഖര്‍ക്കെതിരെ പാന്‍ കാര്‍ഡ് രേഖ ചമയ്ക്കലില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അത് കമ്മീഷന്‍ കാര്യമായി എടുത്തില്ലെന്നും എല്ലാം തട്ടിക്കൂട്ട് പരിശോധനകള്‍ മാത്രമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശരിയായ വരുമാനം മറച്ചുവയ്ക്കാനും നികുതി അടയ്ക്കലില്‍ നിന്ന് ഒഴിവാകാനും ഇത്തരം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വഴി സാധിക്കും.
2014ല്‍ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട 320 എംപിമാരുടെ സ്വത്ത് 100ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 26 എംപിമാരുടെ കാര്യത്തില്‍ ഇത് 500%ആണ്. 1000% വര്‍ദ്ധനവ് വരുമാനത്തിലുണ്ടായ ആറ് എംപിമാരും നമ്മുടെ രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു!!.