1947 വരെ നേതാജി ജീവിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഫ്രഞ്ച് ചരിത്രകാരന്‍

ന്യൂഡല്‍ഹി: 1947 വരെ നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നുവെന്ന് ഫ്രഞ്ച് ചരിത്രകാരന്‍ ജെ.ബി.പി മൂര്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ ചരിത്രരേഖകള്‍ നിരത്തിയാണ് അദ്ദേഹത്തിന്റെ വാദം.

ഇന്തോ-ചൈന മേഖലയില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് ജീവനോടെ രക്ഷപ്പെട്ടിരുന്നുവെന്നും 1947 ഡിസംബര്‍ വരെ അദ്ദേഹത്തിന്റെ വാസസ്ഥലം അജ്ഞാതമായിരുന്നുവെന്നും മൂര്‍ ചൂണ്ടിക്കാട്ടുന്നു.

1940കളില്‍ വിയറ്റ്‌നാം ഇന്തോ-ചൈന, ഫ്രഞ്ച് കോളനിയുടെ ഭാഗമായിരുന്നു. നേരത്തെ നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടീഷ്, ജാപ്പനീസ് സര്‍ക്കാരുകള്‍ സ്ഥിരീകരിച്ചപ്പോഴും ഫ്രഞ്ച് അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.

തായ്‌വാനിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്ന് രേഖകളൊന്നുമില്ല. അതേസമയം 1947 ഡിസംബര്‍ വരെ അദ്ദേഹം എവിടെയായിരുന്നു എന്നതും വ്യക്തമല്ല. ഇക്കാരണത്താല്‍ 1945ലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്ന നിഗമനത്തില്‍ എത്താനാകില്ല എന്ന് മൂര്‍ നിരീക്ഷിക്കുന്നു.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളിലുള്ളത്. 1945, ഓഗസ്റ്റ് 18ന് ജപ്പാനിലെ തായ്‌പെയില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്ന് ഷാ നവാസ് കമ്മിറ്റിയും (1956) ഖോസ്‌ല കമ്മിഷനും (1970) അവകാശപ്പെടുന്നു.

എന്നാല്‍ വിമാനാപകടമല്ല നേതാജിയുടെ മരണകാരണമെന്ന് 1999ല്‍ നിയോഗിച്ച മുഖര്‍ജി കമ്മിഷന്‍ നിരീക്ഷിച്ചു. എന്നാല്‍, മുഖര്‍ജി കമ്മിഷന്റെ കണ്ടെത്തലുകളെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

Top