ആദ്യ ജയം അനായാസം; രോഹിത് നയിച്ചു; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 176 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 28 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 178 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സ്ഥിരം ക്യാപ്റ്റനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തന്നെ ഉജ്ജ്വല ബാറ്റിങുമായി ടീമിനെ ജയത്തിലേക്ക് നയിച്ച് ഗംഭീരമായി തന്നെ ഹിറ്റ്മാന്‍ തുടങ്ങി.

51 പന്തുകള്‍ നേരിട്ട രോഹിത് പത്ത് ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സാണ് കണ്ടെത്തിയത്. രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്‍ 28 റണ്‍സില്‍ പുറത്തായി. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിങില്‍ 84 റണ്‍സ് ചേര്‍ക്കാന്‍ ഈ കൂട്ടുകെട്ടിനായി.

സ്‌കോര്‍ 84ല്‍ നില്‍ക്കെ രോഹിത് മടങ്ങി. പിന്നാലെ എത്തിയ വിരാട് കോഹ്‌ലി നിരാശപ്പെടുത്തി. മുന്‍ നായകന്‍ നാല് പന്തില്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റായി ഇഷാന്‍ മടങ്ങി. നാലാമനായി എത്തിയ ഋഷഭ് പന്ത് 11 റണ്‍സുമായും കൂടാരം കയറി.

പിന്നീട് ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡയും ചേര്‍ന്ന് വലിയ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാര്‍ യാദവ് 34 റണ്‍സുമായും ഹൂഡ 26 റണ്‍സുമായും പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റെടുത്തു.

Top