കേവലം ഒരു കച്ചവട സിനിമ മാത്രമല്ല . . അനേകം പക്ഷികളുടെ രോദനവുമുണ്ട് !

2.0, രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ശങ്കര്‍ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള ശക്തമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.

ഭൂമി മനുഷ്യന്റെ മാത്രമല്ലെന്നും പക്ഷികള്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രേക്ഷകരോട് വിളിച്ചു പറയാന്‍ ശങ്കര്‍ സ്വീകരിച്ച വഴിയെ അഭിനന്ദിക്കുക തന്നെ വേണം.

സിനിമ കേവലം ഗ്ലാമര്‍ കച്ചവട മേഖല മാത്രമല്ലെന്നും ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കാനുള്ള ബാധ്യത സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും ശങ്കര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതി സ്‌നേഹികളുടെ വാക്കുകളെ പുച്ഛിച്ച് തള്ളുന്നവര്‍ 2.0 കണ്ടാല്‍ ഒരു നിമിഷം ഒന്നു ചിന്തിക്കുമെന്ന കാര്യം ഉറപ്പ്.

മനുഷ്യന്റെ ജീവിതത്തിന്റെ അനിവാര്യ ഭാഗമായി കഴിഞ്ഞ മൊബൈലുകള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ ഭീകരത വൈകാരികമായി മാത്രമല്ല അതിതീവ്രമായും അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ മൂലം പക്ഷികള്‍ കൂട്ടത്തോടെ പിടഞ്ഞ് വീഴുമ്പോള്‍ പ്രതികാര ദാഹിയായി കുരുവി തന്നെ ഭീകര രൂപമെടുക്കുന്നത് ഗ്രാഫിക്‌സ് വിസ്മയങ്ങളുടെ വേറിട്ട കാഴ്ചയാണ്.

2.0 rejani movie

അമേരിക്കയിലും ചൈനയിലും പോലും ഏതാനും ചില മൊബൈല്‍ കമ്പനികള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യയില്‍ അനവധി മൊബൈല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും മൊബൈല്‍ ടവര്‍ പുറത്ത് വിടുന്ന റേഡിയേഷന്‍ മൂലം പക്ഷികളുടെ കൂട്ടമരണ മണി മുഴങ്ങുന്നതും ഇനി മനുഷ്യന്റെയും നിലനില്‍പ്പിനെ കൂടി ബാധിക്കുമെന്ന മുന്നറിയിപ്പും സിനിമ നല്‍കുന്നുണ്ട്.

വിളകള്‍ നശിച്ചതായി വിലപിക്കുന്ന കര്‍ഷകനാട് കീടങ്ങളെ നശിപ്പിക്കാന്‍ കുരുവികളടക്കമുള്ളവര്‍ ഇല്ലാത്തത് നായക കഥാപാത്രം ഓര്‍മ്മപ്പെടുത്തുന്നത് സന്ദര്‍ഭോചിതമായ ഇടപെടല്‍ തന്നെയാണ്. ജനങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയില്‍ പുതിയ കാലഘട്ടത്തില്‍ സമൂഹത്തിന് നേരെ ഈ സിനിമ ഗൗരവമായ ചില ചോദ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ പാടെ വേണ്ടെന്നല്ല, എന്നാല്‍ ചില നിയന്ത്രണങ്ങള്‍ കര്‍ശനമായും ഭരണകൂടം നടപ്പാക്കിയില്ലെങ്കില്‍ വലിയ വിപത്ത് നേരിടേണ്ടി വരുമെന്നാണ് സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം ഗ്രാഫിക്‌സ് ഉപയോഗിക്കുന്നതും ചരിത്രത്തില്‍ ആദ്യമാണ്. നിര്‍മാണ ചിലവും സകല റെക്കോര്‍ഡുകളും തകര്‍ക്കുന്നത് തന്നെയാണ്.

നായക കഥാപാത്രമായ റോബര്‍ട്ടിനെ അവതരിപ്പിക്കുന്ന രജനീകാന്തും പക്ഷിരാജനായി അവതരിക്കുന്ന ബോളിവുഡ് സൂപ്പര്‍ താരം അക്ഷയകുമാറും തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ഈ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില മൊബൈല്‍ കമ്പനികള്‍ രംഗത്ത് വന്നത് എന്നതിന്റെ കാര്യവും ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ശങ്കറിന്റെ സംവിധായക മികവ് ഒരിക്കല്‍ കൂടി പ്രകടമാവുന്ന സിനിമയില്‍ എ.ആര്‍.റഹ്മാന്റെ പശ്ചാത്തല സംഗീതവും ഏറെ മികവ് പുലര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തിയ 2.0 ക്ക് തിയ്യറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top