രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ചെറുതും വലുതുമായ രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.

പ്രവര്‍ത്തന മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്‌ട്രേഷനാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തുന്നവയെന്നു സംശയിക്കുന്ന കമ്പനികളുടെ റജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.

കമ്പനികളുടെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 248 (5) അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതാണ് ഈ നിയമം.

റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി ഈ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല.

റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കമ്പനികളുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പട്ട കമ്പനികള്‍ നിയമാനുസൃതമായി വീണ്ടും റജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

Top