തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ അലോട്മെന്റ് പ്രകാരം സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് 2,15,770 കുട്ടികള്‍. ഇവരില്‍ 1,21,049 പേര്‍ ഫീസടച്ച് സ്ഥിരംപ്രവേശനം നേടി. 94,721 പേര്‍ അടുത്ത അലോട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടിയവരാണ്. 23,740 അപേക്ഷകര്‍ അലോട്മെന്റ് ലഭിച്ചിട്ടും ചേര്‍ന്നില്ല. തുടര്‍ അലോട്മെന്റുകളില്‍ ഇവരെ പരിഗണിക്കില്ല.
ആദ്യ അലോട്മെന്റില്‍ സംവരണവിഭാഗങ്ങളിലെ 62,305 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്മെന്റ് ലഭിച്ചിട്ടും ചേരാത്തവരുടെ സീറ്റും ചേര്‍ക്കുമ്പോള്‍ ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെടാത്ത 86,045 പേര്‍ക്കുകൂടി രണ്ടാം അലോട്മെന്റില്‍ ഇടംലഭിക്കും.
താത്കാലിക പ്രവേശനം നേടിയവരെയുംകൂടി പരിഗണിച്ചാണ് അടുത്ത അലോട്മെന്റ് നടത്തുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചേക്കും. കായികമികവ് അടിസ്ഥാനമാക്കി അലോട്മെന്റ് ലഭിച്ചവരില്‍ 2,351 പേര്‍ സ്ഥിരംപ്രവേശനം നേടിയപ്പോള്‍ 1,420 കുട്ടികള്‍ താത്കാലികമായാണു ചേര്‍ന്നത്. അലോട്മെന്റ് ലഭിച്ചിട്ടും 1,051 പേര്‍ ചേര്‍ന്നില്ല.
4,60,147 അപേക്ഷകളാണ് പ്ലസ്വണ്‍ പ്രവേശനത്തിനായി ലഭിച്ചത്. മെറിറ്റ് സീറ്റ് 3,03,409 ആണ്. കമ്യൂണിറ്റി മെറിറ്റ്, മാനേജ്മെന്റ് ക്വാട്ട, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലെ സീറ്റ് എന്നിവ കൂടി പരിഗണിക്കുമ്പോള്‍ പ്ലസ്വണ്‍ പഠനമാഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റു ലഭിക്കുന്നസാഹചര്യമുണ്ട്. എന്നാല്‍, പലര്‍ക്കും ഇഷ്ടപ്പെട്ട സ്‌കൂളും വിഷയവും കിട്ടില്ലെന്നതാണു ബുദ്ധിമുട്ട്.