പശുമോഷണം ആരോപിച്ച് അസമില്‍ യുവാക്കളെ അടിച്ച് കൊന്നു

ഗുവാഹത്തി : പശുമോഷണം ആരോപിച്ച് അസമില്‍ രണ്ടു പേരെ ജനക്കൂട്ടം അടിച്ച് കൊന്നു. നാഗോണ്‍ നഗരത്തിനടുത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

ആക്രമണത്തില്‍ ഗോരക്ഷകര്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്സ്എസ്സും വര്‍ഗ്ഗീയാക്രമണമല്ലെന്ന് പൊലീസും വ്യക്തമാക്കി.

അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ മധ്യ അസമില്‍ സ്ഥിതി ചെയ്യുന്ന നാഗോണ്‍ നഗരത്തിനടുത്താണ് സംഭവം. കൊല്ലപ്പെട്ട രണ്ട് പേരും യുവാക്കളാണ്. റിയാസുദ്ധീന്‍, അബു ഹനുഫ എന്നിങ്ങനെയാണ് പേരുകളെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും നാഗോണ്‍ സിവില്‍ ആശുപത്രിയില്‍ വച്ച് ഞായറാഴ്ചയാണ് മരിച്ചത്.

പശുക്കള്‍ പുല്‍മേട്ടില്‍ മേയവെയായിരുന്നു മോഷണ ശ്രമമെന്നും നേരത്തെ ആടുകളെ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗോ രക്ഷകര്‍ക്ക് പങ്കില്ലെന്ന് അസം ആര്‍ എസ് എസ് വക്താവ് രണ്‍ജിബ് ശര്‍മ പറഞ്ഞു.

എന്നാല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കന്നുകാലി വ്യാപാരികളെ അക്രമിക്കുകയും ഭീഷണിപ്പെടത്തുകയും ചെയ്യുന്ന സംഭവം മേഖലയില്‍ നേരത്തെയുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴത്തെ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അസം ജംഇയത്തുല്‍ ഉലമ ഹിന്ദ് നേതൃത്വം വ്യക്തമാക്കി.

Top