2 Civilians Dead In Fresh Clashes With Security Forces In Kashmir

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയു പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

കാശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യം നടത്തിയ പെല്ലറ്റ് തോക്ക് ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മറ്റൊരാള്‍ ഷോപ്പിയാനില്‍ കണ്ണീര്‍ വാതക ഷെല്‍പൊട്ടിയുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.

നേരത്തെ കാശ്മീരിലെ പ്രക്ഷോഭകര്‍ക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. പകരം പാവ തോക്കുകള്‍ ഉപയോഗിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം പെല്ലറ്റ് തോക്ക് ഉപയോഗത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു.

രണ്ട് യൂവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതിയായ ദുഖമുണ്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

കശ്മീരിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വീടുകളില്‍ പോകാതെ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഏതാണ്ട് 80 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

കഴിഞ്ഞ ദിവസം സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കശ്മീരിലെ ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കൂടാതെ ഇനി വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിമത ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു

Top