ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ 2 മരണം

ന്യൂഡൽഹി : ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ രണ്ടു പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അസദ്പുരിലാണ് രണ്ടു പേര്‍ മരിച്ചത്. മൂന്നു തൊഴിലാളികള്‍ അബോധാവസ്ഥയിലായിരുന്നു. ജി-ബ്ലോക്കിലെ ഒരു സ്വര്‍ണാഭരണ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്.

ഏഴു പേരാണ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്നു പേര്‍ അബോധാവസ്ഥയിലായി. ഉത്തര്‍പ്രദേശിലെ ഖുര്‍ജ സ്വദേശികളായ ഇന്ദ്രിസ്, സലീം എന്നിവരാണ് മരിച്ചത്. ഒരാള്‍ ചികിത്സയിലുണ്ട്. മൂന്നു പേര്‍ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. ആഭരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കലുകളും വെള്ളവും ഉപയോഗിച്ച ശേഷം ഒരു സെപ്റ്റിക് ടാങ്കിലാണ് തള്ളിയിരുന്നത്. ഇത് വൃത്തിയാക്കുന്നതിനുള്ള കരാര്‍ ഫാക്ടറി ഉടമ നജാഫ്ഘട്ട് സ്വദേശിയായ പ്രമോദ് ദന്‍ജിക്കാണ് നല്‍കിയിരുന്നത്.

400 രൂപ കൂലിക്ക് വേണ്ടിയാണ് ഈ 7 പേർ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. യാതൊരുവിധ സുരക്ഷ ഉപകരണങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഫാക്ടറി ഉടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

Top