പട്‌ന: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനകള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഇതിനിടയില്‍ ഇപ്പോഴിതാ സ്വത്തിന്റെ പകുതി ഭാഗം സ്വന്തം ആനകള്‍ക്ക് നീക്കി വെച്ച് ഒരു ബിഹാര്‍ സ്വദേശി. മോട്ടി, റാണി എന്ന പേരുള്ള രണ്ട് ആനകള്‍ക്കാണ് അക്തര്‍ ഇമാം തന്റെ കോടികള്‍ വിലമതിക്കുന്ന കുറച്ചു ഭൂമി എഴുതിവെച്ചത്.
‘മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങള്‍ വിശ്വസ്തരാണ്. ആനകളുടെ സംരക്ഷണത്തിനായി ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ മരണശേഷം എന്റെ ആനകള്‍ അനാഥരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ അക്തര്‍ ഇമാം പറഞ്ഞു. ഈ ആനകള്‍ തന്റെ മക്കളെ പോലെയാണെന്നും അവരില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോട്ടിക്ക് 15 ഉം റാണിക്ക് 20 വയസാണ് പ്രായം. അക്തര്‍ ഇമാമിനോടൊപ്പം ദീര്‍ഘകാലമായി ഇവരുണ്ട്. ആനകള്‍ക്കായി ലാഭച്ഛേയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന നടത്തുന്നുണ്ട് ഇമാം. തനിക്ക് നേരെ നടന്ന ഒരു വധശ്രമത്തില്‍ നിന്നും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അക്തര്‍ ഇമാം പറയുന്നു.