ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എച്ച്. നാഗേഷ്, ആ. ശങ്കര്‍ എന്നീ എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.
നിലവില്‍ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ മുംബൈയില്‍ തുടരുകയാണ്. രാജിയില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ സഖ്യസര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അല്ലാതെ പണമോ പദവിയോ മോഹിച്ചല്ല മുംബൈയില്‍ തുടരുന്നതെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിശ്വാസപ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നില്ല. രണ്ട് ദിവസവും സഭ വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടത്തി പിരിയുകയായിരുന്നു. ഇതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഇടപെട്ടതും വിവാദങ്ങള്‍ക്കിടയാക്കി.