മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്ന് വന്‍ അപകടം; 25 പേരെ കാണാതായി, വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

പ്രളയ സമാനമായ അന്തരീക്ഷമാണ് രത്നഗിരിയില്‍.ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് കനത്തമഴയില്‍ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്.രത്നഗിരി ജില്ലയിലെ ചിപ്ലുന്‍ താലൂക്കിലെ 12 ഓളം വീടുകള്‍ ഒലിച്ചു പോയി 22 പേരെയാണ് കാണാതായത്. കൂടുതല്‍ ആളുകള്‍ കുത്തൊഴുക്കില്‍പ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അണക്കെട്ടിന് വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രത നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല.

രാത്രി 10 മണിയോടെ അണക്കെട്ട് തകര്‍ന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുന്‍ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.

Top