കൊച്ചി: ബാങ്ക് അക്കൗണ്ടില്‍ വരുന്ന രണ്ട് ലക്ഷത്തിലേറെയുള്ള പണത്തെ കുറിച്ച് ഉടന്‍ തന്നെ ആദായ നികുതി വകുപ്പിന് അറിയാന്‍ സാധിക്കുന്ന പുതിയ സമ്പ്രദായം വരുന്നു.
ആദായനികുതി ഇ-ഫയലിങ് വെബ്സൈറ്റില്‍ കാഷ് ഇടപാടുകള്‍ രേഖപ്പെടുത്താന്‍ പുതിയ അക്കൗണ്ട്സ് കാഷ് ട്രാന്സാക്ഷന് വിഭാഗം വന്നു. ഏതു ബാങ്ക് അക്കൗണ്ടിലും രണ്ടു ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചാലുടന്‍ ആദായനികുതി വകുപ്പിന് അറിയിപ്പു കിട്ടത്തക്കവിധം ഈ അക്കൗണ്ടിനെ ബാങ്കുകളുടെ സെര്‍വറുകളുമായി ബന്ധിപ്പിക്കുകയും ചെയ്തു.
ഇ-ഫയലിങ് വെബ്സൈറ്റില്‍ നേരത്തേ തന്നെ വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ ഉള്ളതാണ്. അതില്‍ മൈ പെന്‍ഡിങ് ആക്ഷന്‍ എന്ന പേരില്‍ ഓരോ വ്യക്തിയുടേയും കാഷ് ഇടപാടും വസ്തു ഇടപാടും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും രേഖപ്പെടുത്തിയിരുന്നു.
മുമ്പ് അഞ്ചു ലക്ഷത്തിലേറെ തുകയ്ക്കുള്ള ബാങ്ക് നിക്ഷേപമോ, ക്രെഡിറ്റ് കാര്‍ഡ് ഇടപാടോ വന്നാല്‍ മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാറുള്ള വ്യക്തികള്‍ക്ക് മൈ പെന്‍ഡിങ് വിഭാഗത്തിലെ എന്‍ട്രികള്‍ പ്രശ്നമല്ല. അവര്‍ക്ക് ആദായനികുതി വകുപ്പിന്റെ ചോദ്യം വരികയുമില്ല.
എന്നാല്‍ റിട്ടേണ്‍ സമര്പ്പിക്കാത്തവര്ക്കെല്ലാം ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ ചോദ്യം വരുന്നുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. അതിനു പുറമേ ഇന്നലെ മുതല്‍ അക്കൗണ്ട്സ് കാഷ് ട്രാന്സാക്ഷന് എന്ന വിഭാഗം (വിന്‍ഡൊ) കൂടി വന്നു.
ഇനി സ്വയം വ്യക്തികള്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇനങ്ങള്‍ക്ക് മറുപടി നല്‍കണം. അടുത്ത റിട്ടേണില്‍ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും പണത്തിന്റെ ഉറവിടവും മറ്റും രേഖപ്പെടുത്തുമെന്ന് അറിയിച്ചാലും മതി.