രജനീകാന്തിന്റെ 2.0യ്ക്ക് വീണ്ടും റെക്കോര്‍ഡ്, ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാമത്

ജനീകാന്ത് ചിത്രം 2.0 യ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ബുക്ക് മൈ ഷോപ്പിലെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാമത് 2.0. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ 301 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ 370 കോടി രൂപ നേടിയ ചിത്രം കൂടിയാണ്. ആദ്യ ദിവസത്തെ കളക്ഷന്‍ 115 കോടിയുമായിരുന്നു.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ശങ്കര്‍ ആണ് ചിത്രം സംവിധാനം
ചെയ്തത്‌. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിച്ച സിനിമയാണ്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിന്റെ റെക്കോര്‍ഡ് മറികടന്നാണ് റിലീസ് ചെയ്ത ആഴ്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന ഖ്യാതി 2.0 നേടിയത്

മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലൈക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തിക്കുന്നത്.

ബോളിവുഡ് ചിത്രങ്ങളായ സഞ്ജു, പദ്മാവദ്, ടൈഗര്‍ സിന്ദാ ഹേ എന്നിവയെ പിന്നിലാക്കിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ 2.0 ഒന്നാമതെത്തിയത്. സഞ്ജു 297 കോടി രൂപയാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത്. പദ്മാവദ്, ടൈഗര്‍ സിന്ദാ ഹേ എന്നിവ യഥാക്രമം 268, 253 കോടി രൂപയാണ് നേടിയത്.

Top