ജപ്പാനിലെ ‘കൊറോണ’ കപ്പലില്‍ 2 യാത്രക്കാര്‍ മരിച്ചു; അതിരില്ലാതെ ആശങ്കയും, വിമര്‍ശനവും!

കൊറോണാവൈറസ് ബാധ മൂലം ടോക്യോയ്ക്ക് സമീപം കുരുങ്ങിയ യാത്രാകപ്പലിലെ രണ്ട് യാത്രക്കാര്‍ മരിച്ചു. 29 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ സംഘത്തെ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തതോടെ കപ്പലില്‍ നിന്നും വിട്ടയച്ചതിന്റെ ആശ്വാസവാര്‍ത്ത എത്തിയതിന് പിന്നാലെയാണ് മരണങ്ങള്‍ പുറത്തുവന്നത്.

ഡയമണ്ട് പ്രിന്‍സസിലെ 620ലേറെ യാത്രക്കാരാണ് വൈറസ് ബാധിച്ച് ഫെബ്രുവരി 3ന് ക്വാറന്റൈനിലുള്ളത്. ഏകദേശം 3700 പേരാണ് കപ്പലിലുള്ളത്. 87 വയസ്സുള്ള ജപ്പാന്‍ പുരുഷനും, 84 വയസ്സുള്ള ജപ്പാന്‍ സ്ത്രീയുമാണ് മരിച്ച യാത്രക്കാരെന്ന് എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. 29 പേരാണ് വൈറസ് ബാധ മൂലം ഗുരുതരാവസ്ഥയിലുള്ളതെന്ന് ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വൈറസിന് നെഗറ്റീവായ വ്യക്തിയും ഇതില്‍ ഉള്‍പ്പെടുന്നു.

ജപ്പാന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ജപ്പാനിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണയുമായി എത്തിയ കപ്പലാണ് ഇതിന് കാരണമായത്. കപ്പലിലെ ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് ഏതാനും മാസങ്ങള്‍ക്കകം വേനല്‍ക്കാല ഒളിംപിക്‌സിന് ടോക്യോ വേദിയാകേണ്ടതാണ്.

എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചീഫ് സെക്രട്ടറി യോഷിഹിദെ സുഗ പ്രതിരോധിച്ചു. ഫെബ്രുവരി 5ന് തന്നെ യാത്രക്കാരെ ഐസൊലേഷനില്‍ ആക്കാനുള്ള നടപടി സ്വീകരിച്ചെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. കപ്പലിലുള്ള അമേരിക്കന്‍ പൗരന്‍മാരെയും, ഓസ്‌ട്രേലിയന്‍ പൗരന്‍മാരെയും അവരുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോയിരുന്നു. ബ്രിട്ടനും ഇതിനുള്ള തയ്യാറെടുപ്പിലാണ്.

Top