യുകെയില്‍ നിന്നെത്തിയ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്

കൊല്‍ക്കത്ത: യുകെ ല്‍ നിന്ന് ഇന്ത്യയില്‍ എത്തിയ രണ്ട് പേര്‍ക്ക് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. 222 യാത്രക്കാരുമായി നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രി എത്തിയ വിമാനത്തിലെ രണ്ട് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

യാത്രക്കാരില്‍ 25 പേര്‍ക്ക് കോവിഡ് 19 റിപ്പോര്‍ട്ട് കൈവശം ഇല്ലാത്തതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 2 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ത്യയില്‍ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രികരും 7 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ ഇരിക്കേണ്ടതാണ്.

അതേസമയം, ലോകത്ത് കൊവിഡ് വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു. പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.

Top