ഗുവാഹട്ടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
ഗുവാഹട്ടി നഗരം ഉള്‍പ്പെടുന്ന കാമരൂപ് മെട്രോപൊളിറ്റന്‍ ജില്ല മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണാകും. അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കും.
ജൂണ്‍ 15 മുതല്‍ ഗുവാഹത്തിയില്‍ പുതിയ കോവിഡ് രോഗികളില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിലവില്‍ 6300 പേര്‍ക്കാണ് അസമില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് അസം. ഒമ്പത് കോവിഡ് മരണങ്ങളും ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,296 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 4,90,401 ആയി ഉയര്‍ന്നു.