ജനീവ : മനുഷ്യരുടെ സ്വപ്നത്തിനും അപ്പുറമായിരുന്നു ആ കാഴ്ച. സോഷ്യല്‍ മീഡിയയിലൂടെ കണ്ട വിസ്മയ കാഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം.
ആല്‍പ്‌സ് പര്‍വത മുകളില്‍ കൂടി പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളിലേക്ക് മല മുകളില്‍ നിന്നും രണ്ടു പേര്‍ ഗ്ലൈഡറില്‍ ഊര്‍ന്നിറങ്ങുന്ന കാഴ്ചയായിരുന്നു അത്.
ഫ്രാന്‍സില്‍ നിന്നുള്ള ഫ്രെഡ് ഫ്യൂഗനും, വിന്‍സ് റെഫറ്റും കാട്ടിയ ഈ അതിസാഹസികത റെഡ് ബുള്ളാണ് യൂട്യൂബിലൂടെ പുറത്ത് വിട്ടത്.
യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പര്‍വതങ്ങളിലൊന്നായ ജുംഗാഫ്രാവുവില്‍ നിന്നും വിംഗ്‌സ്യൂട്ടുകള്‍ ഉപയോഗിച്ചാണ് താഴേക്ക് ചാടിയത്.
ആകാശത്ത് അവരെ കാത്ത് ഒരു ചെറുവിമാനം വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിമാനത്തിനുള്ളിലേക്ക് രണ്ടുപേരും പറന്നിറങ്ങുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ഇരുവരും ഈ അതിസാഹസികതയ്ക്ക് ഇറങ്ങിയത്. ഏതാണ്ട് 20 തവണയോളം ഇത്തരത്തില്‍ ചാടിയതിന് ശേഷമാണ് വിജയത്തിലെത്തിയതെന്നും ഇരുവരും വിശദീകരിച്ചു.
ലക്ഷ്യം പാളിയിരുന്നുവെങ്കില്‍ വലിയ ദുരന്തംതന്നെ ഉണ്ടാകുമായിരുന്നു.