കൊച്ചി: എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന എം.അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 2 വര്‍ഷം. 2018 ജൂലൈ 2നാണ് എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളുടെ കുത്തേറ്റു അഭിമന്യു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളായ വിനീതിനും അര്‍ജുനും കുത്തേറ്റിരുന്നു.
അഭിമന്യുവിനെ കുത്തിയ പ്രതി സഹല്‍ ഹംസയാണു കേസില്‍ അവസാനം കീഴടങ്ങിയത്. സഹല്‍ അടക്കം 16 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു. അതിനിടയിലാണു പിടികിട്ടാപ്പുള്ളി കോടതിയില്‍ കീഴടങ്ങിയത്. കേസിന്റെ വിചാരണ സെപ്റ്റംബറില്‍ ആരംഭിക്കും.
അഭിമന്യു അനുസ്മരണവും ‘അഭിമന്യു’ എന്ന സംഗീത ശില്‍പത്തിന്റെ പ്രകാശനവും ഇന്ന് നടക്കും. മഹാരാജാസ് കോളജ് ഹിന്ദി വിഭാഗം അധ്യാപിക ഡോ. റീന സാം എഴുതി അനന്തരാമനും സെബാസ്റ്റ്യന്‍ വര്‍ഗീസും ചേര്‍ന്നു സംഗീതം നല്‍കി ആലപിച്ച സംഗീത ശില്‍പത്തിന്റെ പ്രകാശനം ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍ നിര്‍വഹിക്കും.