ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പ്രണയഹിറ്റ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ 20 വര്‍ഷത്തിനുശേഷം, ഇന്നലെ രാവിലെ 9.15ന്റെ ഷോയോടു കൂടി പ്രദര്‍ശനം അവസാനിപ്പിച്ചു. ഡി.ഡി.എല്‍.ജെ. എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കുന്ന സിനിമയുടെ മറാത്ത മന്ദിറിലെ അവസാനഷോ കാണാന്‍ 210 പേരാണ് എത്തിയത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ ഓടിയ ചലച്ചിത്രം എന്നപേര് എഴുതിച്ചേര്‍ത്താണു ദില്‍വാലേ തിയറ്ററില്‍നിന്നു പിന്‍വാങ്ങുന്നത്.
മുംബൈയിലെ മിനര്‍വാ തിയറ്ററില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഓടി ഷോലെ സൃഷ്ടിച്ച റെക്കോഡാണു ദില്‍വാലെ മറികടന്നതും പിന്നീട് 15 വര്‍ഷംകൂടി മുന്നേറിയതും.
1995 ഒക്‌ടോബര്‍ 19നാണ് ഷാരൂഖ് ഖാനും കാജോളും നായികയായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗാ റിലീസ് ചെയ്യുന്നത്. അന്നു സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന ഷാരൂഖിന് 30 വയസില്‍ താഴെയേ ഉണ്ടായിരുന്നുള്ളു. എന്‍.ആര്‍.ഐ. പ്രണയത്തിന്റെ കഥപറഞ്ഞ സിനിമ ബോളിവുഡിലെ മുന്‍നിര പ്ര?ഡക്ഷന്‍ കമ്പനിയായ യാഷ് രാജ് ഫിലിംസാണു നിര്‍മിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ഭാവിയും സമ്പത്തും തന്നെ മാറ്റിമറിച്ച ചിത്രം സംവിധാനം ചെയ്തത് യാഷ്‌ചോപ്രയുടെ മകനായ ആദിത്യ ചോപ്രയും. ആദിത്യചോപ്രയുടെ കന്നിസിനിമ കൂടിയായിരുന്നു ദില്‍വാലേ.
പാട്ടും പ്രണയവും തമാശയും നിറഞ്ഞ ദില്‍വാലേ യൂറോപ്പിലേയ്ക്കുള്ള ഒരു ടൂര്‍ പോലെ രസാവഹവുമായിരുന്നു. അതുകൊണ്ടുതന്നെ തിയറ്ററുകള്‍ സിനിമയെ ഉത്സവമാക്കി. കഴിഞ്ഞ ഡിസംബര്‍ 12ന്, ഡി.ഡി.എല്‍.ജെ. മറാത്ത മന്ദിറില്‍ 1000 ആഴ്ചകള്‍ തികച്ചിരുന്നു. അതിനുശേഷം സിനിമ തിയറ്ററില്‍നിന്നു പിന്‍വലിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും രണ്ടുമാസം കൂടി പ്രദര്‍ശനം പിന്നിട്ടു.