തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികള്‍ക്ക് 20% വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. ഇതില്‍ നിന്നും പതിനായിരം രൂപ ഓണം അഡ്വാന്‍സായി നല്‍കാനും തീരുമാനമായി. കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്ക് ഇത്തവണ 29.9 ശതമാനം ഓണം അഡ്വാന്‍സ് ബോണസായി ലഭിക്കും. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.9 ശതമാനം ഇന്‍സെന്റീവുമായിരിക്കും.
തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കശുവണ്ടി, കയര്‍ വ്യവസായ ബന്ധസമിതി യോഗങ്ങളിലാണ് തീരുമാനം. മാസശമ്പളക്കാരായ കശുവണ്ടി തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. ഇക്കഴിഞ്ഞ ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ബോണസ് നിശ്ചയിക്കുക.
കശുവണ്ടിതൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം അഡ്വാന്‍സും ബോണസും ഈ മാസം 24ന് മുമ്പും കയര്‍തൊഴിലാളികളുടെത് ഈമാസം 23 ന് മുമ്പും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. യോഗങ്ങളില്‍ ലേബര്‍ കമ്മീഷണര്‍ കെ.വാസുകി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍, കയര്‍, കശുവണ്ടി വ്യവസായ ബന്ധസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.