ഹൈദരാബാദ്: ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക്. എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നാണ് വിവരം. ഇതിനായി 20 കോടി യുഎസ് ഡോളര്‍ മുടക്കിയേക്കും എന്നാണ് വിവരം. റോയിട്ടേര്‍സാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാവായ ഫോക്സ്കോണ്‍ ആണ് ആപ്പിളിനായി ഐഫോണുകളുടെ 70% ഭാഗങ്ങളും നിര്‍മ്മിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ നിര്‍മ്മാണം നീക്കത്തിന്‍റെ ഭാഗമാണ് എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക് എത്തിക്കുന്നത് എന്നാണ് വിവരം. നിലവിൽ നിരവധി ചൈനീസ് വിതരണക്കാരാണ് എയർപോഡുകൾ നിർമ്മിക്കുന്നത്. ഇതില്‍ നിന്നും ഒരു മാറ്റമാണ് ആപ്പിളും ആലോചിക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുണ്ട്. ഇതാദ്യമായാണ് ഫോക്സ്‌കോണ്‍ എയര്‍പോഡ്സ് നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. അതേ സമയം പുതിയ എയര്‍പോഡ് ഫാക്ടറി ഫോക്സ്കോണ്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് തെലങ്കാനയിലാണ് എന്നാണ് വിവരം. എന്നാല്‍ ആപ്പിളില്‍ നിന്നും ഫോക്സ്കോണ്‍ ആവശ്യപ്പെടുന്നത് എത്ര എയര്‍പോഡാണ് തുടങ്ങിയ കരാര്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആപ്പിള്‍ ഐഫോണ്‍, ഐപാഡ് പോലുള്ള ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങളുടെ നിര്‍മ്മാണം പോലെ വലിയ ലാഭം ലഭിക്കുന്ന ഇടപാട് ആല്ല എയര്‍പോഡ് നിര്‍മ്മാണം. അതിനാല്‍ ആപ്പിളില്‍ നിന്നുള്ള ഈ ഓഫര്‍ വളരെക്കാലത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഫോക്സ്കോണ്‍ എടുത്തത് എന്നാണ് വിവരം. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എയര്‍പോഡ് നിര്‍മ്മാണം നടത്തിയാല്‍ ചിലപ്പോള്‍ ലാഭം ലഭിച്ചേക്കും എന്ന പ്രതീക്ഷ ഫോക്സ്കോണിനുണ്ട്.
പുതിയ ഫാക്ടറി ചൈനയില്‍ വേണ്ട ഇന്ത്യയില്‍ സ്ഥാപിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം വച്ചത് ആപ്പിള്‍ തന്നെയാണെന്ന് റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഫോക്സ്‌കോണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തയ്വാനീസ് കമ്പനിയായ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രിസ് കമ്പനി ലിമിറ്റഡിന്റെ ഉപകമ്പനിയായിരിക്കും ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കുക.