ഫ്‌ലോറിഡയില്‍ 20 വയസുകാരന്‍ 3 കറുത്ത വര്‍ഗ്ഗക്കാരെ വെടിവെച്ച് കൊന്നു; സ്വയം ജീവനൊടുക്കി

വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 20 വയസുകാരന്‍ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നില്‍ വിദ്വേഷമാണ് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജാക്‌സണ്‍ വില്ലയിലെ കടയിലേക്ക് തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്തവര്‍ഗ്ഗക്കാരാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് അമേരിക്കയെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലയിലുള്ള ജനറല്‍ സ്റ്റോറിലേക്ക് മുഖംമൂടി ധരിച്ചെത്തിയ യുവാവ് മൂന്ന് കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവാവും സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഒരു പിസ്റ്റളും AR-15 സെമി-ഓട്ടോമാറ്റിക് റൈഫിളും ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് ആക്രമിയെത്തിതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെയോ വെടിയേറ്റവരുടെയോ പേരുകള്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പുറത്തുവിട്ടിട്ടില്ല. കറുത്ത വര്‍ഗക്കാരെ വെടിവെച്ച ശേഷം അക്രമി ചില രേഖകള്‍ പ്രദേശത്ത് വിതറിയിരുന്നു. ഇതിന് ശേഷമാണ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാക്സണ്‍വില്ലില്‍ ഒരു വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ ഒരു ആക്രമി കറുത്ത വര്‍ഗക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വാര്‍ഷികമായാണ് ഇയാള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Top