വാഷിംഗ്ടണ്‍ : ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിക്കൊണ്ട് 200 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ക്കു കൂടി തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് . ചൈന അവരുടെ ശൈലിയില്‍ നിന്ന് മാറാന്‍ തയാറായില്ലെങ്കില്‍ 10 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ ചൈന മുതലെടുക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
50 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു തിരിച്ചടിയായി അമേരിക്കയുടെ 50 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് ചൈന തീരുവ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. യാതൊരു തെറ്റും ചെയ്യാത്ത അമേരിക്കന്‍ കമ്പനികളെയും, തൊഴിലാളികളെയും, കര്‍ഷകരെയും ഭീഷണിപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
പുതിയ തീരുവ ചുമത്തേണ്ട ഉത്പന്നങ്ങള്‍ തിട്ടപ്പെടുത്താന്‍ വ്യാപാര ഉപദേഷ്ടാക്കളോട് ആവശ്യപ്പെട്ടു കഴിഞ്ഞതായി ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
യുഎസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കു സമാന തീരുവ ചുമത്തി ചൈന പ്രതികരിച്ചിരുന്നു. വ്യാപാരയുദ്ധത്തിനു ചൈനയ്ക്കു താല്‍പര്യമില്ലെങ്കിലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കും. യുഎസില്‍ നിന്നുള്ള കാര്‍, വിമാനം, സോയാബീന്‍ എന്നിവയുടെ ഇറക്കുമതിക്കു ചൈന നേരത്തേ തന്നെ തീരുവ ചുമത്തിയിരുന്നു. ചൈന പ്രതികാര നടപടിയുമായി മുന്നോട്ടുപോയാല്‍ അവരുടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പെടുത്തുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അമേരിക്ക- ചൈന വ്യാപാരമേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. നിലവിലുള്ള എണ്ണൂറ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ 16 ദശലക്ഷം ഉല്‍പന്നങ്ങളുടെ താരിഫ് സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം വരെ നികുതി ചുമത്താനാണ് ആലോചനയുള്ളത്. അമേരിക്കന്‍ ഭൗതിക സാഹചര്യം ഉപയോഗിച്ച് വിപണിയില്‍ നിന്ന് ചൈന വന്‍ ലാഭം കൊയ്യുന്നുവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അമേരിക്കയുടെ പുതിയ നീക്കം ചൈനയോടുള്ള വെല്ലുവിളിയായാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയത്.