2,000 വ്യോമാക്രമണങ്ങള്‍; സിറിയയില്‍ 527 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: സിറിയയില്‍ കഴിഞ്ഞ 40 ദിവസത്തിനിടെ സൈന്യം നടത്തിയ 2000ത്തിലധികം വ്യോമാക്രമണങ്ങളില്‍ 500ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന. സ്വന്തം പൗരന്‍മാര്‍ക്കെതിരെ 40 ദിവസത്തിനുള്ളില്‍ 2,000 വ്യോമാക്രമണം നടത്തിയ സിറിയന്‍ സൈനികരുടെ നടപടി ഗിന്നസ് റെക്കോര്‍ഡായി മാറാന്‍ സാധ്യതയുണ്ടെന്നും നടപടിയെ പരിഹസിച്ച് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ അംഗങ്ങളില്‍ നിന്നുള്ള വിശ്വസനീയമായ റിപ്പോര്‍ട്ട് അനുസരിച്ച്, 527 സാധാരണക്കാര്‍ കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടു.

2,000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ബുധനാഴ്ച മാത്രം ഇസില്‍ തീവ്രവാദികള്‍ക്കെതിരെ എന്ന പേരില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 95 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അലപ്പോ നഗരത്തിന്റെ നിയന്ത്രണം സിറിയന്‍ സൈന്യത്തിന് നഷ്ടപ്പെട്ടുതുടങ്ങിയപ്പോള്‍ തന്നെ ഇവിടെ വ്യാപകമായ രീതിയില്‍ വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു. വിമതരുടെ നിയന്ത്രണത്തിലാണ് അലപ്പോ നഗരം. 2012 ജൂലൈയിലാണ് ഈ നഗരം വിമതര്‍ കൈയടക്കിയത്. ഹെലികോപ്റ്ററുകളില്‍ നിന്ന് കനത്ത പ്രഹരശേഷിയുള്ള ബോംബുകള്‍ വര്‍ഷിക്കുകയാണ് സാധാരണയായി സിറിയന്‍ സൈന്യം ചെയ്യുന്നത്.

സിറിയയിലെ 14 പ്രവിശ്യകളില്‍ 12 എണ്ണത്തിലും കഴിഞ്ഞ 40 ദിവസത്തിനിടെ ആക്രമണം നടന്നിരുന്നു. വ്യോമാക്രമണം മൂലം ലക്ഷക്കണക്കിന് പേര്‍ വീടും നാടും ഉപേക്ഷിച്ച് അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുകയാണ്. ഇവരില്‍ കൂടുതല്‍ പേരും തുര്‍ക്കി പോലുള്ള അതിര്‍ത്തി രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുകയാണ്. നിലവില്‍ 275 യുദ്ധ വിമാനങ്ങളാണ് സിറിയന്‍ സൈന്യത്തിനുള്ളത്. 87 വിമാനങ്ങള്‍ വിമതരുടെ ആക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലായി തകര്‍ന്നുവീണു. സിറിയന്‍ സൈന്യത്തിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു.

Top