മുംബൈ: 2007 ടി-20 ലോകകപ്പിലെ ഇന്ത്യന്‍ വിജയം അഭ്രപാളിയിലേക്ക്. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന മലയാളി പേസര്‍ ശ്രീശാന്ത് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ പങ്കുവച്ചു.
ലണ്ടന്‍ ആസ്ഥാനമായ വണ്‍ വണ്‍ സിക്‌സ് നെറ്റ്വര്‍ക്ക് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുക. കബൂല്‍ ഹേ എന്ന ചിത്രം ഒരുക്കിയ സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യും. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. സലിം-സുലൈമാന്‍ സഖ്യം ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കും.
2007 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതോടെ യുവതാരങ്ങളെയാണ് ബിസിസിഐ ലോകകപ്പിനായി അയച്ചത്. എംഎസ് ധോണി ആദ്യമായി ഇന്ത്യയെ നയിക്കുന്നതും ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി-20 ലോകകപ്പിലായിരുന്നു. പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മസ്റ്റ് വിന്‍ ഗെയിം നാടകീയമായി ബോളൗട്ടില്‍ ജയിച്ച് സൂപ്പര്‍ എട്ടിലെത്തിയ ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ തോറ്റുതുടങ്ങി.
പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജിന്റെ ഒരു ഓവറില്‍ 6 സിക്‌സും 12 പന്തില്‍ ഫിഫ്റ്റിയും പിറന്നത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 15 റണ്‍സിനു കീഴടക്കിയ ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു.
ഫൈനലില്‍ എതിരാളികളായി വീണ്ടും പാകിസ്താന്‍. ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ 5 റണ്‍സിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന വിക്കറ്റായ മിസ്ബാഹുല്‍ ഹഖിനെ പുറത്താക്കിയത് മലയാളി താരം ശ്രീശാന്തിന്റെ ക്യാച്ച് ആയിരുന്നു.