മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ‘2018’ നൂറ് കോടി ക്ലബ്ബിൽ; നേട്ടം 10 ദിവസം കൊണ്ട്

കേരളം കണ്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. വൻ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തിയ ചിത്രം ജനങ്ങളെ തിയറ്ററുകളിലേക്ക് കൊണ്ടുവന്നു. മഹാപ്രളയത്തിന്റെ അതിജീവനം ബി​ഗ് സ്ക്രീനിൽ കണ്ടപ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സ് നീറി. കണ്ണുകൾ നിറഞ്ഞൊഴുകി. സമീപകാലത്ത് രോമാഞ്ചത്തിന് ശേഷം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കിട്ടിയ ചിത്രവും 2018 ആണ്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.

റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ആണ് 2018 നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഏറ്റവും വേ​ഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം എന്ന ഖ്യാതിയും ജൂഡ് ചിത്രം സ്വന്തമാക്കി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നത്.

ലൂസിഫർ, പുലിമുരുകന്‍, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകൾ സജീവമായ സന്തോഷത്തിലാണ് തിയറ്റർ ഉടമകളും.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

Top