ഒടിടി റിലീസിലൂടെ ഭാഷാതീതമായ സ്വീകാര്യത പല മലയാള ചിത്രങ്ങളും സമീപ വര്‍ഷങ്ങളില്‍ നേടിയിട്ടുണ്ട്. എന്നാല്‍ മറ്റ് തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ നേടുന്നതുപോലെ ഇതരഭാഷാ പതിപ്പുകളിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ ബോക്സ് ഓഫീസ് വിജയം നേടാന്‍ മലയാള സിനിമയ്ക്ക് സമീപകാലത്ത് സാധിച്ചിട്ടില്ല. എന്നാല്‍ മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത 2018 ന് അത് സാധിച്ചേക്കും എന്ന ആദ്യ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ഇന്നലെ ആയിരുന്നു. ഭേദപ്പെട്ട സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണെന്നാണ് വിതരണക്കാര്‍ അറിയിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂര്‍വ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിന്റെ ഹൈദരാബാദില്‍ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും പങ്കെടുക്കാന്‍ ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി, ജൂഡ് ആന്തണി ജോസഫ്, നരെയ്ന്‍, സുധീഷ് എന്നിവര്‍ എത്തി.
Magical Start for the Masterpiece #2018Movie in Telugu
Grosses 1.01+ Crores on Day 1 with the Unanimous Blockbuster Talk from everyone 😍
Book https://t.co/ZjdIKrjFBz#BunnyVas @ttovino @Aparnabala2 #KunchakoBoban #AsifAli #VineethSreenivasan #JudeAnthanyJoseph @GA2Official pic.twitter.com/ny9J3FM2Ih
— Rajasekar (@sekartweets) May 27, 2023
അതേസമയം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടിയിലധികം നേടിക്കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നുള്ള ആദ്യ 150 കോടി ക്ലബ്ബ് ചിത്രവും ആയിരിക്കുകയാണ് 2018. പുലിമുരുകനെ മറികടന്നാണ് ചിത്രത്തിന്റെ നേട്ടം. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.